ഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ കുറ്റാരോപിതനായ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ 21ന് അകം അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം പുതിയ ദിശയിലേക്കു കടക്കുമെന്നു ഗുസ്തി താരങ്ങൾ മുന്നറിയിപ്പു നൽകി. സമരം കർഷകർ പിടിച്ചടക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ ഡൽഹി നഗരം സ്തംഭിപ്പിക്കുന്ന പ്രതിഷേധം നടക്കുമെന്നും സമരത്തിൽ ഭാഗമായ രാജ്യാന്തര താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്, സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ബൽദേവ് സിങ് സിർസ തുടങ്ങിയവരെ സാക്ഷിനിർത്തിയാണു വിനേഷ് ഫോഗട്ട് ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനു പിന്തുണയുമായി യുപി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു കർഷകർ ജന്തർമന്തറിലെത്തി. സമരക്കാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടു മെഴുകുതിരി പ്രദക്ഷിണവും നടത്തി.