ചെങ്ങന്നൂര്‍ : ആധുനീക സാങ്കേതിക വിദ്യയുടെ ഭാഗമായി ഓണ്‍ലൈന്‍ സംവിധാനമടക്കമുള്ള നടപടിക്രമങ്ങള്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കരുതെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ ചെങ്ങന്നൂര്‍ യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആധാരങ്ങളില്‍ കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നതിനുളള അധികാരം എഞ്ചിനീയര്‍മാരില്‍ നിന്നു മാറ്റി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. കെട്ടിടങ്ങളുടെ വില പുനര്‍നിര്‍ണ്ണയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അഴിമതിയ്ക്ക് കളമൊരുക്കും. ജനങ്ങളെ പതിവായി ദുരിതത്തിലാക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.കെ സുഗതന്‍, വൈസ് പ്രസിഡന്റ് സാംസണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി കെ.ആര്‍ ഷാനവാസ്, യൂണിറ്റ് സെക്രട്ടറി പി.എസ് റെജി എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി വി.വി വര്‍ഗ്ഗീസ് (പ്രസിഡന്റ്) എസ്.ഹരികുമാര്‍ (വൈസ് പ്രസിഡന്റ്) പി.എസ് റെജി (സെക്രട്ടറി) കെ.ആര്‍ സുരേഷ് കുമാര്‍ (ജോ.സെക്രട്ടറി) പി.ഡി. അനൂപ് (ട്രഷറര്‍) രാധാകൃഷ്ണന്‍ ചെറിയനാട് (ജില്ലാ കമ്മറ്റിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.