മുംബൈ: ശിവസേന നേതാവുമായി കൊമ്പുകോര്‍ത്ത ബോളിവുഡ് നടി കങ്കണ റണാവത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. താരം ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നന്ദിയും അറിയിച്ചു. ഹിമാചല്‍ പ്രദേശുകാരിയായ നടി ഈമാസം ഒന്‍പതിന് മുംബൈയില്‍ എത്തുന്നതിന് മുന്നോടിയായാണ് സുരക്ഷ നല്‍കിയത്. കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 പേര്‍ ഇനി സുരക്ഷയ്ക്കുണ്ടാകും.
ഒരു ഫാസിസ്ററ് ശക്തിക്കും രാജ്യസ്‌നേഹികളുടെ ശബ്ദം തടയാനാവില്ലെന്നും അമിത്ഷായോട് നന്ദിയുണ്ടെന്നും കങ്കണ പ്രതികരിച്ചു. ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബയിലേക്ക് താരം വരുന്നതിനെതിരെ ശിവസേന നേതാവ് സഞ്ജയ് റൗത്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുംബൈ നഗരത്തെ പാക്ക് അധിനവേശ കാശ്മീരുമായി താരതമ്യപ്പെടുത്തിയിരുന്നു. അത് വലിയ വിവാദമായിരുന്നു.
മുംബൈയിലേക്ക് മടങ്ങുന്നതിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ഞായറാഴ്ച താരത്തിന് സുരക്ഷ ഉറപ്പാക്കിയിരുന്നു. മുംബൈയെ പാക്ക് അധിനിവേശ കാശ്മീരുമായി താരതമ്യപ്പെടുത്തിയതിന് താരത്തിനെതിരെ രണ്ട് കേസുകള്‍ മഹാരാഷ്ട്രയില്‍ എടുത്തിട്ടുണ്ട്. അന്ധേരി, ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയിലുള്ള മാഫിയാ സംഘത്തേക്കാള്‍ ഭയം മുംബൈ പോലീസിനെയാണെന്നും കങ്കണ പറഞ്ഞിരുന്നു. തുടര്‍ന്ന് മുംബൈ പോലീസിനെ വിമര്‍ശിച്ചിട്ട് ഇവിടേക്ക് വരേണ്ടെന്ന് ശിവസേന മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയലില്‍ സഞ്ജയ് റൗത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ അന്തസിനെ ബാധിക്കുന്ന വിഷയമാണെന്നും യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും പാക്കിസ്ഥാനോട് ഉപമിച്ചതില്‍ കങ്കണ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ മുംബൈയിലെ സ്ത്രീകള്‍ മറുപടി നല്‍കുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.
എന്നാല്‍ താരം മാപ്പ് പറയാന്‍ തയ്യാറായില്ല. സെപ്തംബര്‍ 9ന് താന്‍ മുംബൈയില്‍ വരുമെന്നും ഭീഷണിപ്പെടുത്തേണ്ടെന്നും വീഡിയോ സന്ദേശത്തിലൂടെ കങ്കണ മറുപടി നല്‍കി. തന്തയില്ലാത്തവള്‍ എന്നാണ് സഞ്ജയ് റൗത്ത് തന്നെ വിളിച്ചതെന്നും കങ്കണ ആരോപിച്ചു. രാജ്യത്ത് നിരവധി പെണ്‍കുട്ടികള്‍ ദിവസവും ബലാത്സഗം ചെയ്യപ്പെടുന്നുണ്ടെന്നും അവരില്‍ എത്ര പേര്‍ കൊടും പീഢനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും മരിക്കുന്നുണ്ടെന്നും സഞ്ജയ് റൗത്തിന് അറിയാമോ? ചിലരെ ഭര്‍ത്താക്കന്‍മാര്‍ തന്നെയാണ് പീഢിപ്പിക്കുന്നത്. ഇതിനെല്ലാം ഉത്തരവാദികള്‍ ആരാണെന്ന് അറിയാമോ? സഞ്ജയ് റൗത്തിനെ പോലുള്ളവരുടെ ചിന്താഗതിയാണ് ഇതിനെല്ലാം കാരണം. ഈ രാജ്യത്തിന്റെ പെണ്‍മക്കളാരും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും കങ്കണ പറയുന്നു.