ബെംഗളുരു: കര്‍ണാടക ബി.ജെ.പിയില്‍ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ പടയൊരുക്കം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ എം.എല്‍.എ ബസനഗൌഡ പാട്ടില്‍ യത്നല്‍ ആണ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം ഉണ്ടാകില്ലെന്ന് പറഞ്ഞ് എതിര്‍പ്പ് പരസ്യമാക്കിയത്. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ കര്‍ണാടകത്തില്‍ നിന്നായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
വിജയപുരയില്‍ ഒരു റാലിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ബസനഗൗഡയുടെ വെളിപ്പെടുത്തല്‍. വിജയപുര എം.എല്‍.എയാണ് ബസനഗൌഡ. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പയുടെ ശൈലിയില്‍ അതൃപ്തിയുണ്ടെന്നും ബസനഗൗഡ പറഞ്ഞു.
യെദിയൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി എന്ന നിലയില്‍ അല്ല ശിവമോഗയുടെ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ബസനഗൌഡ വിമര്‍ശിച്ചു. മറ്റ് മണ്ഡലങ്ങള്‍ക്കൊന്നും വികസന ഫണ്ട് അനുവദിക്കാതെ എല്ലാം ശിവമോഗക്ക് മാത്രം നല്‍കുന്നുവെന്നാണ് വിമത എം.എല്‍.എമാരുടെ പ്രധാന പരാതി. വിജയപുരക്ക് അനുവദിച്ച 125 കോടി ഫണ്ട് പോലും ശിവമോഗക്കായി വകമാറ്റിയെന്ന് ബസനഗൗഡ ആരോപിച്ചു.
‘എല്ലാവരും അദ്ദേഹത്തിന്‍റെ (യെദ്യൂരപ്പയുടെ) ബെംഗളൂരുവിലെ വസതിക്ക് മുന്‍പില്‍ ഫണ്ടിനായി ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ നോര്‍ത്ത് കര്‍ണാടകയിലെ ഒരാളുടെ വസതിക്ക് മുന്‍പില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന കാലം വിദൂരമല്ല’- ബസനഗൌഡ വിജയപുരയിലെ റാലിയില്‍ പറഞ്ഞു. 95 ശതമാനം എം.എല്‍.എമാരേയും നല്‍കി കര്‍ണാടകയില്‍ ബി.ജെ.പിക്ക് വിജയം സമ്മാനിച്ചത് നോര്‍ത്ത് കര്‍ണാടകയാണെന്നും അദ്ദേഹം പറഞ്ഞു.
യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബി.ജെ.പിയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. എപ്പോഴാണ് അത് സംഭവിക്കുക എന്ന് തനിക്ക് അറിയില്ല. ‘ഞങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നീക്കം നടത്തുന്നില്ല. ബി.ജെ.പിയിലെ ആഭ്യന്തര കലഹം സര്‍ക്കാരിനെ താഴെയിറക്കിയാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ്’- സിദ്ധരാമയ്യ പറഞ്ഞു.