തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതേസമയം, കൊച്ചിയിലും കൊല്ലത്തും കനത്തമഴയാണ് അനുഭവപ്പെടുന്നത്. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെലോ അലര്‍ട് നിലവിലുണ്ട്. മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് ജില്ലയിൽ നിലവിൽ ആറ് ദുരിതാശ്വാസ ക്യാംപുകളിലായി 129 പേരാണുള്ളത്. കഴിഞ്ഞ ദിവസം കാണാതായ കൊയിലാണ്ടി വലിയങ്ങാട് സ്വദേശി അനൂപിനായി ഇന്നും തിരച്ചിൽ നടത്തും.
വടകര താലൂക്കിൽ 16 വീടുകൾക്കും കോഴിക്കോട് താലൂക്കിൽ 51 വീടുകള്‍ക്കും കൊയിലാണ്ടി താലൂക്കിൽ ആറു വീടുകൾക്കും ഭാഗികമായി കേടുപാടു സംഭവിച്ചു. ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നില്ല. കിഴക്കൻ വെള്ളത്തിന്റെ വരവാണ് കാരണം. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ടാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 58 ആയി. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുന്നു.