സ്ത്രീകള്‍ക്ക് എട്ടു വയസ്സുമുതല്‍ എണ്‍പതു വയസ്സുവരെ സുഗമമായി യോഗ ചെയ്യാം. എണ്‍പതു വയസ്സിനുമേല്‍ ശരീരം അനുവദിക്കുന്ന വിധം യോഗ അനുഷ്ഠിക്കാവുന്നതാണ്. ഗുരുസമക്ഷത്തുനിന്ന് യോഗാഭ്യാസം പരിശീലിക്കുകയാണ് ഉത്തമം. യോഗാസനങ്ങള്‍ ലളിതമായി ചെയ്തു ശീലിക്കണം. ലോകത്തില്‍ ഒരാളെപ്പോലെ മറ്റൊരാള്‍ ഉണ്ടായിരിക്കുകയില്ല. ഓരോ ശരീരത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. മറ്റൊരാള്‍ അനായാസേന യോഗ ചെയ്യുന്നതു കണ്ട് വ്യാകുലപ്പെടാതെ ഓരോ ആസനവും സ്വന്തം ശരീരം എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്ന് സ്വയം കണ്ടെത്തി അവ സ്ഥിരമായി ചെയ്യുകയാണ് അഭികാമ്യം. ഗുരുവിന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടും ശരീരത്തിന്റെ പ്രതികരണശേഷി തിരിച്ചറിഞ്ഞും യോഗാസനങ്ങളുടെ പട്ടിക തയ്യാറാക്കി അവ ദിനചര്യ ആക്കേണ്ടതാണ്. മനസ്സുകൊണ്ട് യോഗയില്‍ മുഴുകിയാല്‍ തന്നെ ശരീരം യോഗാസനങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നത് അനുഭവിച്ചറിയാനാകും.
ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ യോഗ തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഡോക്ടറുടെ അനുവാദം ലഭിച്ചാല്‍ യോഗ അനുഷ്ഠിക്കാന്‍ മാനസികമായി സജ്ജമാവുക. ഏത് വിഷയവും പൂര്‍ണമായി ഉള്‍ക്കൊളളാന്‍ സംശയരഹിതമായ ഒരു മനസ്സാണ് ആദ്യം ഉണ്ടാകേണ്ടത്. തുറന്ന സമീപനത്തിലൂടെ മാത്രമേ സംശയം ദുരീകരിക്കപ്പെടുകയുള്ളൂ. ഓരോ വ്യായാമവും ആസനവും പൂര്‍ണമനസ്സോടെ ചെയ്യുക. ഓരോ ഘട്ടത്തിലും സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ പ്രത്യേക നിഷ്‌കര്‍ഷ ഉണ്ടായിരിക്കണം. തിരക്കിട്ട് അഭ്യസിക്കാവുന്ന ഒന്നല്ല യോഗയും ധ്യാനവും. സാവധാനത്തില്‍ ശാരീരികസ്ഥിതിക്കനുസൃതമായി ചുരുങ്ങിയത് മൂന്നുമാസമെങ്കിലും എടുത്ത് യോഗാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം.
യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സമയം : പ്രാഥമികാവശ്യങ്ങള്‍ക്കുശേഷം അതിരാവിലെ വെറും വയറ്റിലോ അല്പം ചൂടുവെള്ളം കുടിച്ച് പത്തുമിനിറ്റ് കഴിഞ്ഞോ യോഗ ചെയ്യുന്നതാണ് ഉത്തമം. രാവിലെ സാധിക്കാത്തപക്ഷം വൈകുന്നേരങ്ങളിലോ ഇടസമയത്തോ യോഗ ചെയ്യാവുന്നതാണ്. യോഗാഭ്യാസം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ അവരവരുടെ ശാരീരികസ്ഥിതിയനുസരിച്ചുള്ള വ്യായാമങ്ങളും ആസനങ്ങളും അരമണിക്കൂര്‍ അനുഷ്ഠിക്കാവുന്നതാണ്.
ഭക്ഷണം : ലഘുഭക്ഷണശേഷം ഒരു മണിക്കൂറും പ്രധാന ഭക്ഷണശേഷം നാലുമണിക്കൂറും ദ്രവഭക്ഷണശേഷം അരമണിക്കൂര്‍ കഴിഞ്ഞും യോഗ ചെയ്യാവുന്നതാണ്.
ഗര്‍ഭിണികള്‍ : ആദ്യത്തെ രണ്ടുമാസം ആസനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. എന്നാല്‍ വ്യായാമങ്ങള്‍ തുടരാവുന്നതാണ്. പ്രസവശേഷം മൂന്നു മാസം കഴിഞ്ഞ് യോഗ പുനരാരംഭിക്കാം. കടുത്തപനി, ജലദേഷം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ നേരിടുന്ന അവസരങ്ങളിലും യോഗ ഒഴിവാക്കേണ്ടതാണ്. സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ആദ്യത്തെ അഞ്ചുദിവസം യോഗയില്‍നിന്ന് പിന്‍വാങ്ങേണ്ടതാണ്. എന്നാലും കൈ, കാല്‍, കഴുത്ത് വ്യായാമങ്ങള്‍ ചെയ്യാവുന്നതുമാണ്.
ചെയ്യേണ്ട ക്രമം : യോഗാഭ്യാസം ദിവസവും ചെയ്യുന്നതാണ് ഉത്തമം. ദിവസവും ഒരേ സമയത്ത് ഒരേ സ്ഥലത്ത് ചെയ്യുവാന്‍ സാധിച്ചാല്‍ വളരെ നല്ലത്. ദിവസവും ചെയ്യുവാന്‍ കഴിയില്ലെങ്കില്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഓരോ മണിക്കൂര്‍ വീതം യോഗ ചെയ്യുവാന്‍ ശ്രദ്ധിക്കണം. യോഗയ്ക്കുശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഭക്ഷണം കഴിക്കാവുന്നതാണ്.
സ്ഥലം : ശുദ്ധവായു ധാരാളം ലഭിക്കുന്ന ശബ്ദമുഖരിതമല്ലാത്ത ശാന്തമായ സ്ഥലമാണ് യോഗ ചെയ്യുവാന്‍ തെരഞ്ഞെടുക്കേണ്ടത്. നിലത്ത് ഒരു പുല്പായയോ ഷീറ്റോ വിരിച്ച് യോഗ ചെയ്യുവാന്‍ ശ്രദ്ധിക്കണം. പാദരക്ഷകള്‍, കണ്ണട, വാച്ച് തുടങ്ങിയവ അഴിച്ചുമാറ്റണം. അയഞ്ഞവസ്ത്രങ്ങള്‍ ധരിച്ചുവേണം യോഗ ചെയ്യുവാന്‍. ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ച് യോഗാഭ്യാസം പരിശീലിക്കുമ്പോള്‍ മറ്റൊരു ശബ്ദവും ശല്യമാകുന്നില്ലെന്ന് ബോധ്യമാകുന്നതാണ്.
ശാരീരിക- മാനസികാവസ്ഥ : യോഗ യാതൊരു സമ്മര്‍ദവും ഇല്ലാതെ അനായാസേന ചെയ്തു ശീലിക്കണം. യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും വിഷമം നേരിട്ടാല്‍ അത് അപൂര്‍ണമായിട്ടവസാനിപ്പിക്കുവാന്‍ ഒട്ടും മടി വേണ്ട. എന്നാല്‍ യോഗയില്‍നിന്നും പിന്തിരിയാതെ സാവകാശം മനസ്സിരുത്തി പരിശീലിക്കുന്നതിലൂടെ ക്രമേണ ശരീരം വഴങ്ങുകയും യോഗാസനങ്ങള്‍ ലളിതമായി മാറുകയും ചെയ്യും. ശരീരത്തിന് വഴങ്ങുന്ന യോഗാസനങ്ങള്‍ മാത്രം നിത്യവും ചെയ്യുവാന്‍ തിരഞ്ഞെടുക്കുക. ഒട്ടും വഴങ്ങാത്തതും അരുതായ്ക തോന്നുന്നതോ ആയ ആസനങ്ങള്‍ ഒഴിവാക്കുക. എന്നാല്‍ ശ്വാസതടസ്സം മാത്രമേ പ്രയാസമാകുന്നുള്ളുവെങ്കില്‍ സ്ഥിരമായി ചെയ്യുകവഴി ശ്വസനക്രിയ നിഷ്പ്രയാസം നടക്കും. സ്വന്തം ശാരീരിക പ്രത്യേകതകള്‍ വിശകലനം ചെയ്ത് ഭേദഗതികളും പരിഷ്‌കാരങ്ങളും വരുത്തി യോഗാസനങ്ങള്‍ നിത്യവും ചെയ്യുവാന്‍ സാധിക്കുന്നതാണ്. യോഗ ചെയ്യുമ്പോള്‍ മത്സരബുദ്ധി പൂര്‍ണമായും ഉപേക്ഷിക്കണം. സ്വന്തം ശരീരം ആവശ്യപ്പെടുന്നതനുസരിച്ചുമാത്രം യോഗാഭ്യാസം ഹൃദിസ്ഥമാക്കേണ്ടതാണ്.
യോഗക്രമം : എല്ലാ ആസനങ്ങളും വ്യായാമങ്ങളും ധ്യാനവും ചെയ്യുന്നതിന് രണ്ടുമണിക്കൂറിലേറെ സമയം വേണ്ടിവരും. ആയതിനാല്‍ സമയത്തിന്റെ ലഭ്യതയനുസരിച്ച് യോഗ ചിട്ടപ്പെടുത്തേണ്ടതാണ്. ആസനം ശരീരത്തിന്റെ ഒരു പ്രത്യേക നിലയാണല്ലോ. അതിനാല്‍ ദിവസവും ഉള്ള നടത്തം, ഇരിപ്പ്, കിടപ്പ് എന്നിവയിലും പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. നിവര്‍ന്നു നടക്കുക, നിവര്‍ന്നിരിക്കുക, ശരീരത്തിന് വിശ്രമം ലഭിക്കുന്ന തരത്തില്‍ കിടക്കുക ഇവയും പ്രാധാന്യം അര്‍ഹിക്കുന്നു.