ലക്നൗ : ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ഒരു ബിജെപി എംഎൽഎ കൂടി ആരോപിച്ചു. അധികം സംസാരിച്ചാൽ തനിക്കെതിരെയും ദേശദ്രോഹം ചുമത്തുമെന്ന് സീതാപുർ എംഎൽഎ രാകേഷ് റാത്തോർ പറഞ്ഞു.
സ്വന്തം അഭിപ്രായം പറയാൻ ഏതെങ്കിലും എംഎൽഎയ്ക്കു കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ? എല്ലാം ഭംഗിയായി പോകുന്നുവെന്നു പറയാം. കൂടുതൽ സംസാരിച്ചാൽ ഞങ്ങൾ, എംഎൽഎമാർക്കെതിരെയും ദേശദ്രോഹക്കുറ്റം ചുമത്താം – സീതാപുരിലെ ഐസിയു സൗകര്യങ്ങളെക്കുറിച്ചു മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി എംഎൽഎ പറഞ്ഞു.
ഈ മാസം 9ന് ജസ്റാന ബിജെപി എംഎൽഎ റാംഗോപാൽ ലോധി കോവിഡ് ചികിത്സാ വീഴ്ചയ്ക്കെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതു വിവാദമായിരുന്നു. കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ആഗ്രയിലെ ആശുപത്രിയിൽ മരുന്നോ പരിചരണമോ കിട്ടാതെ നിലത്തുകിടക്കേണ്ടിവന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഏപ്രിലിൽ യുപി നിയമ മന്ത്രി എഴുതിയ രഹസ്യ കത്തും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ആരോഗ്യവകുപ്പിനെതിരായ രൂക്ഷ വിമർശനങ്ങളായിരുന്നു ഉള്ളടക്കം.