ലഖ്നോ: സമയബന്ധിതമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ ജനാധിപത്യവും സദ്ഭരണവും അർത്ഥശൂന്യമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസിലെ ആദ്യ ബാച്ച് വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ജനാധിപത്യത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്, എന്നാൽ സമയബന്ധിതമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ ഈ വാക്കുകൾ അർത്ഥശൂന്യമാകും’ യോഗി ആദിത്യനാഥ് പറഞ്ഞു. അതിനിടെ, യു.പിയിൽ യോഗി മുഖ്യമന്ത്രിയായ ശേഷം നിരപരാധികളെയടക്കം 200ഓളം പേരെയാണ് വിചാരണയോ കോടതിനടപടിയോ കൂടാതെ പോലീസ് ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയത്.
സർക്കാറിനെതിരെ സമരം നടത്തിയവരുടെയടക്കം നിരവധി പേരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഏകപക്ഷീയമായി തകർത്തതും രാജ്യവ്യാപകമായ വിമർശനത്തിനിടയാക്കിയിരുന്നു. യു.പിയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാൾ വീതം ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കൊല്ലപ്പെടുന്നതായി ഇന്ത്യൻ എക്സ്‍പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2017 മുതൽ 186 പേരെയാണ് പോലീസ് വെടിവെച്ച് കൊന്നത്. ഇതിലേറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്നും ആരോപണമുണ്ട്.