കാര്‍ഷിക വിളകളെ തിന്നുനശിപ്പിക്കുന്ന പുഴുവാണ് പ്ലേഗ് പുഴു. വാഴ, പച്ചക്കറി, അലങ്കാര സസ്യങ്ങൾ, മരച്ചീനി, കറിവേപ്പില, പേര, ചേമ്പ്, പയറു വർഗങ്ങൾ, മുളക്, വെണ്ട എന്നിവയിലേക്കാണ് ഇതിന്റെ ആക്രമണം കൂടുതലായി ഉണ്ടാകുന്നത്. ഇരുണ്ട് തവിട്ടു നിറത്തിലുള്ള പുഴു ആണിത്. തലയും കാലുകളും ഓറഞ്ച് നിറത്തിൽ. ശരീരത്തിന്റെ ഇരു വശങ്ങളിലും വെളുത്ത നേർത്ത വരകൾ ഉണ്ടാകും. 85 ദിവസത്തോളം ജീവിത ചക്രം ഉണ്ട്. ശാസ്ത്രീയനാമം ട്രയാക്കോള പ്ലേഗ്യാറ്റ എന്നാണ്. ഇവ മനുഷ്യർക്ക് ഉപദ്രവകാരി അല്ല.
കാർഷിക മേഖലയിൽ കൂടുതൽ വ്യാപിക്കുന്ന ഈ പുഴുക്കളെ പ്രതിരോധിക്കാൻ ജൈവ മാർഗങ്ങളാണ് കൂടുതൽ ഫലപ്രദം. കൃഷിയിടങ്ങളിലേക്ക് എത്തിയാൽ കായ്കൾ, ഇലകൾ, പൂക്കൾ എന്നിവ തിന്ന് നശിപ്പിക്കുന്നതു കാരണം കർഷകർക്ക് ഇവ വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലായ്മചെയ്യാൻ പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. പുഴുക്കളെ തുരത്താൻ 5 മുതൽ 10 മില്ലി ലീറ്റർ വേപ്പെണ്ണ, 6 ഗ്രാം ബാർ സോപ്പ് എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പുഴുവിന്റെ സാന്നിധ്യം ഉള്ളിടത്ത് തളിക്കുക. കൂടാതെ ഗോതമ്പ് തവിട്, വെള്ളം, ശർക്കര, ധാന്യ പശ, ജൈവകീടനാശിനി എന്നിവ കലക്കി ചേർത്ത് 48 മണിക്കൂർ കഴിഞ്ഞ് പുഴു ഉള്ളിടത്ത് തളിക്കാം.