ദില്ലി : ആധാർ കാർഡിന്റെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും ഇനിമുതൽ കയ്യിൽ കരുതേണ്ട പകരം ഡിജിറ്റലായി തന്നെ സൂക്ഷിക്കാം. ഇതിനായി ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാർ ആപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒറിജിനൽ ആധാർ കാർഡോ,ഫോട്ടോകോപ്പിയോ നൽകേണ്ടതില്ല, പകരം ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഫേസ് സ്കാൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്താൻ കഴിയും.
ബാങ്കിങ് ആവശ്യങ്ങൾ, സിം കാർഡ് ആക്ടിവേഷൻ, തിരിച്ചറിയൽ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ വഴി ആധാർ വിവരങ്ങൾ നൽകാനാകും. ഫേഷ്യൽ റെക്കഗ്നിഷൻ ഉൾപ്പെടുന്ന ആധാർ ആപ്പ് UIDAI ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യതും സുരക്ഷയും ഒന്നിച്ച് ഉറപ്പാക്കുന്നതിനോടൊപ്പം ഐഡന്റിറ്റി വെരിഫിക്കേഷൻ എളുപ്പമാക്കുക എന്നത് കൂടി ഇത് ലക്ഷ്യമാക്കുന്നു. ഉപയോക്താക്കൾക്ക് ഇനി ആധാർ വെരിഫിക്കേഷനായി OTP-കൾ, വിരലടയാളങ്ങൾ അല്ലെങ്കിൽ സ്കാനിങ് എന്നിവ ചെയ്യേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഈ പുതിയ ആധാർ ഫേസ് ഐഡി ഓതന്റിക്കേഷൻ ഫീച്ചർ ഉപയോഗിക്കാനായി ഉപയോക്താക്കൾ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, നിലവിൽ ആപ്പ് ഉപയോഗിക്കുന്നവർ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം. പിന്നീടുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ ആപ്പ് വഴി നമ്മുടെ ചിത്രം എടുക്കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാർ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ കൂടിയാണ് ഈ പ്രോസസ്സ്. കൂടാതെ ഇലക്ട്രോണിക് ആധാർ കാർഡിൽ വെരിഫിക്കേഷൻ ചെയ്യാനായി ക്യുആർ കോഡും ഇതിലുണ്ട്. ഇതുവഴി സ്കാനിങ് എളുപ്പമാക്കാൻ സാധിക്കും. വ്യാജ ആധാറുകൾ നിർമ്മിക്കുന്നതും വിവരങ്ങൾ ദുരുപയോഗം ചെയുന്നത് തടയാനും ഈ ആപ്പ് സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് കൂടിയാണ് ഈ പുത്തൻ ആശയം.