കൊല്ലം : തീവണ്ടിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരേ അക്രമം. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചിച്ച രണ്ടുയുവാക്കളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ സ്വദേശി കെ.അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്. ന്യൂസ് 18 കേരളയിലെ റിപ്പോര്‍ട്ടറെയാണ് സംഘം ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാര്‍ എക്സ്‌പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. തീവണ്ടി ചിറയന്‍കീഴ് ഭാഗത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് യുവാക്കള്‍ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യംചെയ്തപ്പോള്‍ യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ചിറയിന്‍കീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരനായ ഭര്‍ത്താവിനെ യുവതി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തീവണ്ടി ചിറയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോള്‍ ഇദ്ദേഹം തീവണ്ടിയില്‍ കയറി പ്രതികളോട് കാര്യം തിരക്കി. പ്രതികള്‍ യുവതിയുടെ ഭര്‍ത്താവിനെയും മര്‍ദിച്ചു. യുവതി റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. പോലീസ് സംഘത്തെയും പ്രതികള്‍ ആക്രമിച്ചു. തുടര്‍ന്ന് പ്രതികളെ കൊല്ലം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.