ഭോപ്പാല്‍ : യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ നോക്കിയ യുവാവ് അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ 35 കാരനായ പ്രിന്‍സ് ഗാവ എന്നയാളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ വിദിഷയിലുള്ള വൈശാലി വില്‍സണ്‍ എന്ന സ്ത്രീയില്‍ നിന്നാണ് മകളെ യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിക്കാമെന്ന് പറഞ്ഞ് 42,000 രൂപ തട്ടിയെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഇവരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
യുക്രെയ്‌നില്‍ മെഡിസിന് പഠിക്കുന്ന മകളെ തിരിച്ചെത്തിക്കാന്‍ സഹായിക്കാമെന്നും അതിനായി ടിക്കറ്റ് ചാര്‍ജായി 42,000 രൂപ കൈമാറണം എന്നുമാണ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് പണം ഫോണ്‍ ആപ്പ് വഴി കൈമാറുകയും ചെയ്തു. പിന്നീട് ഇയാള്‍ ബന്ധപ്പെടാതായപ്പോള്‍ സംശയം തോന്നിയ പരാതിക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മധ്യപ്രദേശ് പോലീസ് ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും, ഐടി ആക്‌ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.