കൊട്ടാരക്കര : വ്യാജ നമ്പര്‍ പതിച്ച് ആംബുലന്‍സ് സര്‍വീസ് നടത്തിയ കേസിലെ മുഖ്യപ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. മൈലം ഇഞ്ചക്കാട് കാരമൂട് പാലവിള വീട്ടില്‍ റെബിന്‍ തോമസ്(29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ഷിബുവിന്‍റെ ഉടമസ്ഥതയിലുള്ള KL-09 V 5037-ാം നമ്ബര്‍ മാരുതി ഒമിനി ആംബുലന്‍സ് വാഹനം വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ണാടകയില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയിട്ടുള്ളതാണ്.
ഈ വാഹനത്തിന്‍റെ രേഖകള്‍ വ്യാജമായി ഉണ്ടാക്കി അതേ കമ്ബനിയുടെ മറ്റൊരു വാഹനത്തില്‍ വ്യാജമായി രജിസ്ട്രേഷന്‍ നമ്ബര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രതിയായ റോബിന്‍ മൂന്നു വര്‍ഷത്തോളമായി ആംബുലന്‍സ് സര്‍വീസ് നടത്തിവരികയായിരുന്നു.
തന്‍റെ പഴയ വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്ബര്‍ ഉപയോഗിച്ച് മറ്റൊരു വണ്ടി സര്‍വീസ് നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ട ഷിബു കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. ഷിബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുദര്‍ശനന്‍ സി.പി.ഒ മാരായ ഷിബു കൃഷ്ണന്‍, ജിബ്സണ്‍ ജെയിംസ്, ബിനീഷ് കുമാര്‍, സലില്‍ എന്നിവരടങ്ങിയ പോലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പോലീസ് പിടിച്ചെടുത്ത വാഹനത്തിന്‍റെ എഞ്ചിന്‍ നമ്ബരുള്‍പ്പെടെ കൃത്രിമമായി തിരുത്തിയിട്ടുള്ളതായി കണ്ടെത്തി. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.