ചേര്‍ത്തല : യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതില്‍ പ്രധാന പ്രതിയെ പിടികൂടിയതായി പോലീസ്.
ദീപു പി ലാലി (റോക്കി-36) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ ജൂണ്‍ 20 ന് രാത്രിയില്‍ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് ദീപു എന്ന് പോലീസ് പറഞ്ഞു.
ചേര്‍ത്തല, അര്‍ത്തുങ്കല്‍, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും കേസില്‍പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പുത്തനങ്ങാടിയില്‍ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കും. അര്‍ത്തുങ്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ജി മധു, എസ്ഐ ഡി.സജീവ് കുമര്‍, ഗ്രേഡ് എസ്ഐ ആര്‍.എല്‍ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.