ചെറായി : സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയും ചെയ്തുവെന്ന 18കാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍ വീട്ടില്‍ രാഹുല്‍ എന്ന പി.എസ് ശ്രീനാഥാണ് (46) അറസ്റ്റിലായത്.
എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത മുനമ്പം പോലീസ് ഇയാളെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് രാത്രി ചെറായി ബീച്ചില്‍നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ച് പിന്നില്‍ കയറിയ ഇയാള്‍ ബീച്ചില്‍നിന്ന് തിരിയുന്നിടത്ത് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് തൊട്ടടുത്തുതന്നെ പ്രതിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി പിറ്റേന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. മുനമ്പം സി.ഐ എ.എല്‍ യേശുദാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വി.കെ ശശികുമാര്‍, ടി.കെ രാജീവ്, എം.ബി സുനില്‍ കുമാര്‍, എഎസ്ഐ കെ.എസ് ബൈജു, സിപിഒ കെ.പി അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.