കോതമംഗലം : ബൈക്കില്‍ രണ്ടരകിലോ കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. ആലുവ എടത്തലസ്വദേശി എട്ടാടന്‍ വീട്ടില്‍ മമ്മുവെന്ന് വിളിക്കുന്ന ഷാനവാസാണ് (31) പിടിയിലായത്. കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തങ്കളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പ്രതി പിടിയിലായത്. അടിമാലി സ്വദേശിക്ക് കൈമാറാനായി കൊണ്ടുവന്നതാണ് കഞ്ചാവ്. ഇയാള്‍ എക്സൈസിനെക്കണ്ട് രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് പറയുന്നത്: കുറച്ചു ദിവസങ്ങളായി കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി 40 കിലോയോളം കഞ്ചാവാണ് ഷാനവാസ് വിറ്റഴിച്ചത്. കിലോക്കണക്കിന് കഞ്ചാവ് കാക്കനാടുനിന്ന് കൊണ്ടുവന്നായിരുന്നു വില്പന. കൈയില്‍ മയക്കുമരുന്ന് ഗുളികകളും ഉണ്ടായിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പ്രതാപ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ. നിയാസ്, എ.ഇ സിദ്ധിഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ അനൂപ്, പി.വി ബിജു, കെ.സി എല്‍ദോ, പി.ഇ ഉമ്മര്‍, വി.എസ് സുനില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.