കരുനാഗപ്പള്ളി : മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കേരളപുരം ഇളമ്പള്ളൂര്‍ അജിത്ത് ഭവനില്‍ അജിത്ത് ആണ് (26) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇയാളില്‍നിന്ന് 52 ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലയില്‍ പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന അളവ് ലഹരിക്കടത്താണ്. പെണ്‍കുട്ടികള്‍ക്കടക്കം കോളജ് വിദ്യാര്‍ഥികള്‍ക്ക് ചെറുകിട കച്ചവടക്കാര്‍ മുഖേന ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിവരുകയായിരുന്നു ഇയാള്‍. ബംഗളൂരുവില്‍നിന്നാണ് ഇയാള്‍ ലഹരിമരുന്നെത്തിക്കുന്നത്. സിന്തറ്റിക് നാര്‍കോട്ടിക് ഡ്രഗ് ആയ എം.ഡി.എം.എ അജിത്തിന്റെ എറണാകുളത്തുള്ള സുഹൃത്ത് മുഖേന ബംഗളൂരുവില്‍നിന്ന് വാങ്ങി തീവണ്ടിയില്‍ കായംകുളത്ത് ഇറങ്ങി കരുനാഗപ്പള്ളിയിലെ ഇടനിലക്കാരന് നല്‍കാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.
ഗ്രാമിന് 3000 രൂപക്ക് ബംഗളൂരുവില്‍നിന്ന് വാങ്ങുന്ന പ്രതി 8000 മുതല്‍ 10,000 രൂപ വരെയാണ് ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്നും ഇയാളുടെ ബാങ്ക് ഇടപാടില്‍നിന്നും നിരവധി കച്ചവടക്കാരുടെ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ നടത്തുന്ന എന്‍.ഡി.പി.എസ് ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ലഹരിമരുന്നുമായി യുവാവ് പിടിയിലായത്.
കരുനാഗപ്പള്ളി അസി.കമീഷണര്‍ വി.എസ് പ്രദീപ്കുമാറിന്റെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശ്രീകുമാര്‍, ശരച്ചന്ദ്രന്‍ ഉണ്ണിത്താന്‍, ജിമ്മി ജോസ്, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.