തൊടുപുഴ : മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കമ്പികൊണ്ട് കുത്തി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍. പെരിങ്ങാശ്ശേരി സ്വദേശി രഞ്ജീഷ് രാജുവിനാണ് (34) കുത്തേറ്റത്. സംഭവത്തില്‍ അടിമാലി സ്വദേശി ബിബിനെ (ഋഷി -32) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അര്‍ധ രാത്രിയോടെ തൊടുപുഴ നഗരസഭ ടൗണ്‍ഹാള്‍ കെട്ടിടത്തിലാണ് സംഭവം. ലഹരിക്കടിമകളായ സാമൂഹികവിരുദ്ധര്‍ ടൗണ്‍ഹാള്‍ കെട്ടിടത്തില്‍ തമ്പടിക്കുന്നതും പരസ്പരം വഴക്കിടുന്നതും പതിവാണ്.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രഞ്ജീഷും ബിബിനും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനിടെ ബിബിന്‍ സമീപത്തുകിടന്ന കമ്പിയെടുത്ത് രഞ്ജീഷിെന്റെ പുറത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തു. രഞ്ജീഷിനെ കുത്തിയശേഷം ബിബിനാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിലെത്തി ആംബുലന്‍സ് ഡ്രൈവര്‍മാരോട് വിവരം പറഞ്ഞത്. ഈ മാസം ആദ്യം ടൗണ്‍ഹാളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍വെച്ച് നഗരത്തില്‍ അലഞ്ഞുതിരിയുന്ന സ്ത്രീയുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ഉടുമ്പന്നൂര്‍ സ്വദേശി മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ സെലീന എന്ന സ്ത്രീയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു