അമ്പലപ്പുഴ : യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജിന്റെ (നന്ദു -20) മൃതദേഹമാണ് ഞായറാഴ്ച രാത്രി 8.10ന് വണ്ടാനം ശിശുവിഹാറിന് പടിഞ്ഞാറ് റെയില്‍വേ ട്രാക്കിന് സമീപം കണ്ടത്. വൈകിട്ട് ആറുമുതലാണ് യുവാവിനെ കാണാതായത്. തുടര്‍ന്നുള്ള തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അയല്‍വീട്ടിലെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം സുഹൃത്തുക്കളിലെ ചിലരുമായി വാക്കേറ്റം ഉണ്ടായിയിരുന്നു.
തുടര്‍ന്ന് വൈകിട്ടോടെ പൂമീന്‍ പൊഴിക്ക് സമീപത്തുവെച്ച് ഇരുകൂട്ടര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതായി ബന്ധുക്കള്‍ പറയുന്നു. ഇതിനുശേഷമാണ് സംഭവസ്ഥലത്തിന് കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. തലക്ക് പിന്നിലും കാലിലും പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ശ്രീരാജിനെ കാണാതാകുന്നതിന് മുമ്പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദസന്ദേശത്തില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി പിതാവ് ബൈജു പുന്നപ്ര പോലീസിന് നല്‍കി. ശബ്ദസന്ദേശത്തില്‍ ചിലരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ശ്രീരാജിന്റേത് ആത്മഹത്യയാണെന്നാണ് പുന്നപ്ര പോലീസ് പറയുന്നത്. സഹോദരങ്ങള്‍. ശ്രുതി, ശ്രീലക്ഷ്മി.