മുംബൈ : ഉറിയടിക്കിടെ താഴെ വീണ് യുവാവ് മരിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ‘ദഹി ഹൻഡി’ പരിപാടിയിൽ പങ്കെടുത്ത് ഉയരത്തിൽനിന്ന് താഴെവീണ ഇരുപത്തിനാലുകാരൻ ആണ് മുംബൈയിൽ മരിച്ചത്. വലിയൊരു മനുഷ്യ പിരമിഡ് ഉണ്ടാക്കി ആളുകളുടെ പുറത്തുകയറി പൊട്ടിക്കുകയാണ് ‘ദഹി ഹൻഡി’ പരിപാടിയിൽ ചെയ്യുന്നത്. ഈ മനുഷ്യപ്പിരമിഡിനു മുകളിൽനിന്നു താഴെ വീണാണ് യുവാവിന് മരണം സംഭവിച്ചിരിക്കുന്നത്. മുംബൈ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശിവ് ശംഭോ ഗോവിന്ദ പഥക് സംഘാംഗമായ സന്ദേശ് ദൽവിയാണ് മനുഷ്യ പിരമിഡിന്റെ മുകളിൽനിന്നു വീണു തലയ്ക്കു ഗുരുതര പരുക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വിലെ പാർലെയിലെ ബാമൻവാഡിയിലായിരുന്നു സംഭവം. രാത്രിതന്നെ ദൽവിയെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനെത്തുടർന്ന് ബന്ധുക്കൾ ഞായറാഴ്ച കൂപ്പറിൽനിന്ന് നാനാവതി ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച രാത്രി ഇയാൾ മരിച്ചുവെന്നു വിലെ പാർലെ പോലീസ് അറിയിച്ചു.