ചെങ്ങന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ പതിനെട്ടുകാരിയെ കാണാതായിട്ട് മൂന്നു മാസമാകുമ്പോള്‍ കണ്ടെത്താനാകാതെ പോലീസും കുടുംബാംഗങ്ങളും കുഴങ്ങുകയാണ്. പാണ്ടനാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ പടിഞ്ഞാറ്റുംമുറി മoത്തില്‍ തെക്കേതില്‍ കൃഷ്ണവേണിയെയാണ് നവംബര്‍ ആറു മുതല്‍ കാണാതായത്.
അന്നേ ദിവസം രാവിലെ 11 വരെ വീട്ടിലുണ്ടായിന്നുവെന്നാണ് പറയുന്നത്. കാണാതാകുമ്പോള്‍ മഞ്ഞ ചുരിദാറും സ്വര്‍ണ കൊലുസ്, സ്വര്‍ണമാല, സ്വര്‍ണ കമ്മല്‍ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം പോലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കുടുബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്. യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയില്‍ കേസെടുത്ത പോലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
അതിനിടെ യുവതിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹേയ്ബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയും ചെയ്തു. യുവതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ ഡിവൈഎസ്.പിയുടെ 94 97 99 00 43 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.