അടൂര്‍ : എം.സി റോഡില്‍ പുതുശ്ശേരി ഭാഗത്ത് നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് വാഹനങ്ങളിലിടിച്ച് അപകടം. ബസിലെ സഹായിക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍നിന്ന് പുതുശ്ശേരി ഭാഗത്ത് ഓഡിറ്റോറിയത്തില്‍ വിവാഹ പാര്‍ട്ടിയുമായി പോയ ബസിന്റെ ലോവര്‍ ആം ഒടിഞ്ഞ് നിയന്ത്രണംവിട്ട് മുന്നില്‍ പോവുകയായിരുന്ന സ്കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ബസിലെ സഹായി പന്തളം കടമ്മനിട്ട നിരവത്ത് ഹൗസില്‍ രാഹുല്‍ കൃഷ്ണനാണ് പരിക്കേറ്റത്.
മറ്റു വാഹന യാത്രക്കാര്‍ക്ക് പരിക്കില്ല. സ്കൂട്ടറില്‍ നന്ദു എന്നയാളും കാറില്‍ കുളനട രംഗവിലാസില്‍ ഗിരീഷ്, ഭാര്യ ശ്രീരഞ്ജിനി, മകന്‍ ആദിശങ്കര്‍ (ആറ്) എന്നിവരാണ് സഞ്ചരിച്ചിരുന്നത്. സ്കൂട്ടറും കാറും ഭാഗികമായി തകര്‍ന്നു. ഏനാത്ത് പോലീസും അടൂര്‍ അഗ്നിരക്ഷ നിലയം ഓഫിസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ടി.ഒ രാമചന്ദ്രന്‍, റെസ്ക്യൂ ഓഫിസര്‍മാരായ ഐ.ആര്‍ അനീഷ്, എസ്.ശ്രീജിത്, എസ്.ദിനൂപ്, സന്തോഷ് ജോര്‍ജ്, ഗിരീഷ്, ഹോംഗാര്‍ഡ് സജിമോന്‍, ശ്രീകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.





























