കൊച്ചി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ ഫ്ളാറ്റില്‍ തടഞ്ഞുവെച്ച് ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കേസിലെ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. ഇവര്‍ പ്രതിയെ രക്ഷപെടാനും ഒളിവില്‍ പോകാനും സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. അതേസമയം മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഒളിസങ്കേതം സംബന്ധിച്ച സൂചനകളും ലഭിക്കുന്നില്ല. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയെ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചത്. ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും നഗ്നരംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഫ്ളാറ്റില്‍ നിന്ന് രക്ഷപെട്ട യുവതി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞും നടപടി സ്വീകരിച്ചില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഉൗര്‍ജിതമായത്.