ചണ്ഡീഗഢ് : കൗമാരക്കാരിയായ മകളെ ശല്യം ചെയ്ത ജീവിത പങ്കാളിയെ യുവതി ചുട്ടുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കൗമാരക്കാരിയായ മകളെ ശല്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ ക്രൂരകൃത്യം അവര്‍ ചെയ്തത്. യുവാവിനെ ഈ മാസം 16 മുതല്‍ കാണാതായി എന്ന സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പോലീസ് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയെ അറസ്റ്റ് ചെയ്തു.
2019 ലാണ് യുവാവും വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്ന യുവതിയും തമ്മില്‍ പരിചയപ്പെടുന്നത്. കുറച്ചു നാളത്തെ സൗഹൃദത്തിനു ശേഷം ഇരുവരും പ്രണയത്തിലായി. ഒരുമിച്ചു ജീവിക്കാനും തുടങ്ങി. യുവതിക്ക് ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളും ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് പങ്കാളിയായ യുവാവ് മകളെ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു. പല തവണ താക്കീത് നല്‍കിയതിനു ശേഷവും യുവാവ് മകളെ ശല്യം ചെയ്യുന്നതു തുടര്‍ന്നതോടെ ഇയാളെ ഇല്ലാതാക്കാന്‍ യുവതി തീരുമാനിച്ചു.
ഇതേതുടര്‍ന്ന് ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തിയ ശേഷം ആരും കാണാത്ത സ്ഥലത്ത് എത്തിച്ച് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊല്ലുകയായിരുന്നു. യുവാവ് കാറും ലാപ്ടോപ്പും വീട്ടില്‍ ഉപേക്ഷിച്ച് നാടുവിട്ടു പോയി എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. എന്നാല്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി കൊന്നതാണെന്ന് തെളിഞ്ഞത്.