കൊല്ലം: ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആദിനാട് മണ്ടാനത്ത് പടിഞ്ഞാറ്റേതര വീട്ടിൽ വിനീഷ് (35) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കരുനാഗപ്പള്ളി ആദിനാട് തെക്ക് നടത്തിയ റെയ്ഡിൽ ആണ് യുവാവ് അറസ്റ്റിലായത്. കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. അര ഗ്രാം എം.ഡി.എം.എ 2000 രൂപക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
കരുനാഗപ്പള്ളിയിലെ ലഹരി മാഫിയ സംഘത്തലവന്റെ സഹായിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു. ലഹരി മാഫിയയിലെ പ്രധാനി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ എം. മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ ആർ. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജീഷ് ബാബു, സൂരജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ, ഡ്രൈവർ സുഭാഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.