റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദമരുതിക്കു സമീപമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. മക്കപ്പുഴ ഗേറ്റിങ്കിൽ ആലയിൽ ജയിംസിന്റെ മകൻ ഷെറിനാ(35)ണ് മരിച്ചത്. മന്ദമരുതി പള്ളിപ്പടിക്കും മക്കപ്പുഴയ്ക്കും ഇടയിൽ ഇന്നലെ വൈകുന്നേരം 5.30-യോടെയാണ് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. റാന്നിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ഷെറിൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
റോഡിനു വശത്തെ അപകട ദിശാസൂചികയിൽ ഇടിച്ച് സമീപത്തെ പോസ്റ്റിലും തട്ടി ഓടയിലേക്ക് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷെറിൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്ഥലത്തെത്തിയ റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം റാന്നി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.