റാഞ്ചി : ഝാര്‍ഖണ്ഡിലെ സരായികേലയില്‍ മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെ ഭാര്യയെയും മകനെയും യുവാവ് തലക്കടിച്ചു വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യ പാര്‍വതി ദേവിയെയും അഞ്ചുവയസ്സുള്ള മകൻ ഗണേഷ് മുണ്ഡയെയും തിങ്കളാഴ്ച രാവിലെ ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തിയ ശേഷം ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭാര്യ പാര്‍വതിയുമായുണ്ടായിരുന്ന തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയും ഭാര്യയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു.
കൊലപാതകം നടന്ന ദിവസം ഇവര്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും കരച്ചില്‍ കേട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോൾ ചോരയില്‍ കുതിർന്ന മൃതദേഹങ്ങളാണ് കണ്ടത്. സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതി ക്രൂരകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും കണ്ടെടുത്തു. തലക്കടിച്ച ശേഷം ഭാര്യയെയും മകനെയും ശുക്രം കഴുത്തറത്തുവെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ശുക്രം മുണ്ഡയെ ഏതാനും മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.