മലപ്പുറം : മലപ്പുറം എടപ്പാളിൽ ആറുമാസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. എടപ്പാൾ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിനെയാണ് സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
2020 ജൂൺ മാസം പതിനൊന്നാം തീയതിയാണ് 25 കാരനായ ഇർഷാദ് വീട്ടിൽ നിന്ന് പോയത്. പിന്നീട് തിരികെ വന്നില്ല. മൊബൈൽ ഫോൺ ഓഫായതും തിരികെ വരാത്തതും കാരണം ദുരൂഹത തോന്നിയ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇർഷാദിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് 6 മാസങ്ങൾക്ക് ഇപ്പുറമാണ് ഇർഷാദിനെ കൊലപ്പെടുത്തിയെന്ന് സുഹൃത്തുക്കൾ പോലീസിനോട് സമ്മതിച്ചത്.
വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ്, മേനോൻപറമ്പിൽ എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണവിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയത് തിരിച്ചു നൽകേണ്ടി വരുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇർഷാദിന്‍റെ മൃതദേഹം കണ്ടെടുത്തിട്ടില്ല. സംഭവ സ്ഥലത്ത് പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പു നടത്തും. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.