പത്തനംതിട്ട : അലഞ്ഞുതിരിഞ്ഞു നടന്ന മാനസിക വിഭ്രാന്തിയുള്ളയുവാവിന് പോലീസ് രക്ഷകരായി. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പുന്നകുളഞ്ഞിയിൽ വീടുകൾക്ക് സമീപം കറങ്ങിതിരിഞ്ഞ ബീഹാർ സ്വദേശിയായ 24 കാരനെയാണ് പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. അപരിചിതനായ യുവാവിനെ കണ്ട പ്രദേശവാസി ഇലവുംതിട്ട പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി. ജനമൈത്രി പോലീസെത്തുമ്പോഴേക്കും നാട്ടുകാരിൽ ചിലർ ബഹളം കൂട്ടി സ്ഥലത്തുനിന്നും ഇയാളെ ഓടിച്ചിരുന്നു.
കാടുപിടിച്ച കുന്നിൻ പ്രദേശത്തേക്ക് യുവാവ് ഓടിപോയതായി മനസിലാക്കിയ പോലീസുദ്യോഗസ്ഥരായ സന്തോഷ്, അൻവർഷ, ആഷർ മാത്യു എന്നിവർ പ്രദേശമാകെ അരിച്ചുപെറുക്കിയതിനെതുടർന്ന് കുന്നിന് മുകളിലെ കാട്ടിനുള്ളിൽ അവശനായനിലയിൽ കണ്ടെത്തുകയായിരുന്നു. പേരും സ്ഥലവുമൊഴികെ പറയുന്ന മറ്റ് കാര്യങ്ങൾ അവ്യക്തമായിരുന്നു. എസ് എച്ച് ഒയുടെ നിർദേശാനുസരണം മല്ലപ്പള്ളി ശാലോം കാരുണ്യഭവൻ സംരണകേന്ദ്രത്തിലെത്തിച്ചു. പേര് ധരംബാൽമിശ്രയെന്നാണ് പറഞ്ഞത്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചു നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇലവുംതിട്ട പോലീസ്.