അഹമ്മദാബാദ് : അടിപൊളിയൊരു ബൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ യുവാക്കൾ ട്രാഫിക് നിയമങ്ങളൊക്ക മറക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബൈക്കും കൂടെ കാമുകിയുമുണ്ടെങ്കില്‍ പിന്നെ ട്രാഫിക് നിയമങ്ങളോ ചുറ്റും നടക്കുന്നതോ ഒന്നും കാണാന്‍ പറ്റില്ലെന്ന അവസ്ഥയിലാണ് പലരും. ബൈക്കിൽ കാമുകിയുമൊത്തുള്ള റൊമാൻസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ കുഴപ്പത്തിൽപ്പെട്ടിരിക്കുകയാണ് അഹമ്മദാബാദിലെ ഒരു യുവാവ്. അഹമ്മദാബാദ് പൊലീസ് സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
നിക്കോൾ റിംഗ് റോഡിലാണ് സംഭവം നടന്നത്. ഓടുന്ന ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ മുഖാമുഖം ഇരുന്നായിരുന്നു യുവാവിന്‍റെയും യുവതിയുടെയും സ്നേഹപ്രകടനം. ബൈക്കിന്‍റെ മുന്നിലെ ടാങ്കിലാണ് യുവതി ഇരുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഇരുവരുടെയും സ്നേഹപ്രകടനം ആരോ വീഡിയോയിൽ പകർത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അഹമ്മദാബാദ് ട്രാഫിക് പോലീസ് നടപടിയെടുക്കുകയായിരുന്നു. യുവാവിനെ കണ്ടെത്തി നിയമ നടപടി തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. യുവാവിന്‍റെ ബൈക്ക് പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം, വീഡിയോയിലെ യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പിന്നാലെ നെറ്റിസണ്‍സ് പ്രതികരണവുമായി രംഗത്തെത്തി. യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണം എന്നാണ് ഒരു പ്രതികരണം. യുവാവിനെ പോലെ യുവതിയും കുറ്റക്കാരിയാണെന്നും അവരെയും കണ്ടെത്തി ശിക്ഷിക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു. സമാനമായ വീഡിയോകൾ മുൻപും വൈറലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഡൽഹിയിലെ മംഗോൽപുരി പരിസരത്ത് തിരക്കേറിയ റോഡിൽ അമിത വേഗതയിലുള്ള ബൈക്കിലിരുന്ന് പ്രണയിച്ച കാമുകീ കാമുകന്മാരെ പോലീസ് പിടികൂടിയിരുന്നു. 11,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.