നേമം: സ്കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. നരുവാമൂട് സ്റ്റേഷന്‍ പരിധിയില്‍ മുക്കംപാലമൂട് അമ്മാനിമല ശാലു നിവാസില്‍ സജി-അനിത ദമ്പതികളുടെ മകന്‍ ശരത്ത് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മുടവൂര്‍പ്പാറയ്ക്ക് സമീപമായിരുന്നു അപകടം.
ശരത്ത് തന്‍റെ സുഹൃത്തായ വിനീഷുമൊത്ത് സ്കൂട്ടറില്‍ ബാലരാമപുരത്തേക്ക് പോകവെ എതിര്‍ദിശയില്‍ നിന്നുവന്ന ടെമ്ബോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ശരത്തിനെ ഉടന്‍തന്നെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് ഇടയാക്കിയ ടെമ്ബോ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിന്‍റെ മൃതദേഹം നെയ്യാറ്റിന്‍കര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സഹോദരി: ശാലു.