അടൂര്‍ : പിതാവും രണ്ടാനമ്മയും ചേര്‍ന്ന് തന്നെ വീട്ടില്‍ നിന്നും തല്ലിയിറക്കിയെന്ന അടൂരിലെ യുവാവിന്റെ പരാതി അടിസ്ഥാന രഹിതമെന്ന് പോലീസ്. യുവാവിന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞപ്പോള്‍ ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഇട്ട പത്ത് ലക്ഷം രൂപ പിന്‍വലിക്കാന്‍ അനുവദിക്കാത്തതിലുള്ള വൈരാഗ്യമാണ് പിതാവിനും രണ്ടാനമക്കുമെതിരെ നല്‍കിയ പരാതിയെന്ന് പോലീസ് പറയുന്നു.
പരാതി ലഭിച്ചതോടെ പിതാവിനെയും പരാതിക്കാരനായ മകനെയും സ്റ്റേഷനില്‍ വരുത്തി സംസാരിച്ചെന്നും ഇരുവരും സ്നേഹത്തോടെയാണ് തിരികെ പോയതെന്നും പോലീസ് പറയുന്നു. പിന്നീടാണ് അഖില്‍ മാധ്യമങ്ങളെ സമീപിച്ച് പോലീസിനെതിരെയും പരാതി പറഞ്ഞത്. തന്റെ പേരില്‍ പിതാവ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പത്തുലക്ഷം രൂപ പിന്‍വലിച്ച് നല്‍കണം എന്നാണ് അഖിലിന്റെ ആവശ്യം.
ഇതുപയോഗിച്ച് ഡ്യൂക്ക് ബൈക്ക് വാങ്ങണമെന്നും രണ്ട് ജെസിബിയും ടിപ്പറും വാങ്ങി പെട്ടെന്ന് കോടീശ്വരനാകാന്‍ കഴിയും എന്നുമാണ് കൗമാരക്കാരന്റെ ആവശ്യം. എന്നാല്‍ തത്ക്കാലം ആ പണത്തിന്റെ പലിശ വാങ്ങി പഠനം പൂര്‍ത്തിയാക്കാനും പണം തനിയെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയാകുമ്പോള്‍ അഖിലിന് തന്നെ പിന്‍വലിക്കാം എന്നുമായിരുന്നു പിതാവ് തിലകന്‍ എടുത്ത നിലപാട്. എന്നാല്‍ അഖിലിന്റെ ചില ബന്ധുക്കള്‍ ഈ പണം എടുത്ത് ജെസിബിയും ടിപ്പറും വാങ്ങാന്‍ കൗമാരക്കാരനെ നിര്‍ബന്ധിക്കുകയായിരുന്നു.
അഖിലിന്റെ ചെറുപ്പത്തിലെ അമ്മ അജിത കുമാരി ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് അജിതയും തിലകനും വിവാഹ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തിലുള്ള രണ്ട് ആണ്‍കുട്ടികളെയും വളര്‍ത്തിയതും തിലകനാണ്. നിലവില്‍ അടൂര്‍ ഗവണ്‍മെന്റ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഖില്‍.
18 വയസ് പൂര്‍ത്തിയായതോടെ തന്റെ പേരിലുള്ള പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങാനാണ് പിതാവിനെതിരെ പരാതിയുമായി കൗമാരക്കാരന്‍ രംഗത്തെത്തിയത്. ബേക്കറി ജീവനക്കാരനാണ് തിലകന്‍. ആദ്യ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇരുവരും ചേര്‍ന്നാണ് ഈ രണ്ട് കുട്ടികളെ വളര്‍ത്തിയതും. എന്നാല്‍ ചില ബന്ധുക്കളുടെ സ്വാധീനത്തിലാണ് ഇപ്പോള്‍ അഖില്‍ പരാതിയുമായി എത്തിയിരിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.