ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍. ഒരു മാസത്തിനിടെ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഗോപി എന്നയാളാണ് അറസ്റ്റിലായത്. ഗുണ്ടൂരിലെ തടേപ്പള്ളിയില്‍ മെല്ലാംപുടി, വടേശ്വരം എന്നിവിടങ്ങളിലാണ് സംഭവം നടന്നത്.
ആദ്യം മെല്ലാംപുടിയില്‍നിന്ന് ആറു വയസുകാരനെ കാണാതായി രണ്ടു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 14നു വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ അന്നു വൈകിട്ട് 3 മണിയോടെയാണ് കാണാതായത്. കുട്ടിയുടെ മരണത്തില്‍ ഗോപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെ, വടേശ്വരത്തുനിന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കാണാതായ മറ്റൊരു ആണ്‍കുട്ടിയെ (8 വയസ്സ്)യെയും ഇതേ തരത്തില്‍ കൊലപ്പെടുത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. ഈ കുട്ടി ബകിങ്ഹാം കനാലില്‍ വീണ് മരിച്ചതാണെന്നാണ് പോലീസും കുടുംബവും വിശ്വസിച്ചിരുന്നത്.
പ്രതിക്ക് 14 വയസായിരുന്നപ്പോള്‍, സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബക്കിങ്ഹാം കനാലില്‍ ഉപേക്ഷിച്ചതായി അഭ്യൂഹമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ കേസൊന്നും റജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതിയുടെ അച്ഛനെയും ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് 14 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.