കോട്ടക്കല്‍: മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ കോട്ടക്കലില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോട്ടക്കല്‍ മദ്രസുംപടി സ്വദേശി അഫ്സലിനെയാണ് ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രാദേശിക ലീഗ് നേതാക്കളടക്കം 25ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം സി.പി.എം തിരക്കഥക്കനുസരിച്ചാണ് പോലീസ് നടപടിയെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
സമാധാനപരമായിരുന്നു പ്രകടനം. പോലീസ് അനാവശ്യമായി ഇടപെടുകയായിരുന്നുവെന്ന് നേതാക്കളായ പി.ഉസ്മാന് കുട്ടിയും സാജിദ് മങ്ങാട്ടിലും പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിരത്തില്‍ പടക്കം കൂട്ടിയിട്ട് പൊട്ടിക്കരുതെന്ന നിര്‍ദേശം അവഗണിച്ച് പടക്കത്തിന് തീ കൊടുക്കുകയായിരുന്നു. തലനാരിഴക്കാണ് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ രക്ഷപ്പെട്ടത്.