കുമരകം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയിലിലായിരുന്ന യുവാവിനെ മോഷ്ടിച്ച ബൈക്ക് സഹിതം പോലീസ് പിടികൂടി. കവണാറ്റിന്‍കര ശരണ്യാലയത്തില്‍ സച്ചുവിനെയാണ് (21) കവണാറ്റിന്‍കരയില്‍നിന്ന് അറസ്റ്റ് ചെയ്തത്. പിടിച്ചുപറിയും മോഷണവും തൊഴിലാക്കിയ ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ജൂണില്‍ പുറത്തിറങ്ങി ജയിലില്‍ പരിചയപ്പെട്ട സുഹൃത്തിനൊപ്പം തൃശൂരില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ മാസം 30ന് തുറവൂര്‍ കുത്തിയതോട് പോലീസ് സ്റ്റേഷനില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടക്കുകയായിരുന്ന പ്രതി ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ സംബന്ധിക്കാന്‍ കവണാറ്റിന്‍കരയില്‍ എത്തിയപ്പോഴാണ് ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുമരകം ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, എ.എസ്.ഐ സണ്ണി, സി.പി.ഒമാരായ അരുണ്‍, വികാസ്, ജോമി, ഹോംഗാര്‍ഡ് തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്.