തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചതിൽ പ്രകോപിതനായ യുവാവ് ബസിന്റെ മുൻ വശത്തെ ചില്ല് എറിഞ്ഞു തകർക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. ആലുവ ഡിപ്പോയിലെ ഡ്രൈവർ സഹറുദ്ദീൻ (48)നാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാരനായ ഗാന്ധിപുരം കാവുവിള റീന ഭവനിൽ അനീഷി(28)നെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ ശ്രീകാര്യം ചാവടിമുക്കിനു സമീപം ആണ് സംഭവം. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്കു വരുകയായിരുന്ന ബസ് അനീഷിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന്, ബസ് തടഞ്ഞ് നിർത്തിയ അനീഷ് ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ മുൻ വശത്തെ ചില്ല് എറിഞ്ഞു തകർക്കുകയുമായിരുന്നു. പരിക്കേറ്റ ഡ്രൈവർ സഹറുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.