തൊടുപുഴ : കട്ടപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൈപ്പറ്റയില്‍ വീട്ടില്‍ അന്നമ്മയെ (50) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. ഈട്ടിത്തോപ്പ് തേക്കുംകാനം ഭാഗത്ത് പതാലില്‍ പ്ലാവില്‍ വീട്ടില്‍ ഗിരീഷ് (38) നെ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
2008 ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അന്നമ്മയെ തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പിച്ച് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കട്ടപ്പന പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ആക്‌ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കെ.കെ.ജയചന്ദ്രന്‍ എംഎല്‍എയുടെ അപേക്ഷ പ്രകാരം 2008 ഒക്ടോബറില്‍ കേസിന്റെ തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിനെ സര്‍ക്കാര്‍ ഏല്‍പിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി അനവധി ആളുകളെ ചോദ്യം ചെയ്യുകയും സംശയിക്കപ്പെട്ട 19 വ്യക്തികളെ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത കൊല്ലപ്പെട്ട അന്നമ്മയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കളും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധന നടത്തി.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. എസ്പിയുടെ നേതൃത്വത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ഷിന്റോ പി. കുര്യന്‍, എസ്‌ഐമാരായ എം.പി. മോനച്ചന്‍, സജി പോള്‍, സിജു ജോസഫ്, സിപിഒമാരായ, കെ.ആര്‍. ബിജേഷ് , കെ.സി. അനീഷ്, സിപിഒ പി.പി. ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘം തെളിവുകള്‍ മുഴുവന്‍ ശേഖരിച്ച ശേഷം കഴിഞ്ഞ ദിവസം ഗിരീഷിനെ ക്രൈം ബ്രാഞ്ച് തൊടുപുഴ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കട്ടപ്പന ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുട്ടത്തുളള കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററില്‍ കോവിഡ് പരിശോധനയ്ക്കായി പാര്‍പ്പിച്ചിരിക്കുകയാണ്.