പൊന്നാനി: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി കത്തികാട്ടി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പൊന്നാനി മുല്ലാ റോഡ് സ്വദേശി പുത്തന്‍പുരയില്‍ മനാഫാണ് (25) അറസ്റ്റിലായത്.
ഈ മാസം എട്ടിന് രാത്രി പ്രവാസിയുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ മനാഫ് വഴിമധ്യേ കത്തികാട്ടി കവര്‍ച്ച നടത്തുകയായിരുന്നു. പൊന്നാനി പോലീസ് സ്റ്റേഷന് സ്വദേശിയായ തറീക്കാനകത്ത് നവാസിന്റെ പണമാണ് ഇയാള്‍ അപഹരിച്ചത്.
പോലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍നിന്ന് പുതുപൊന്നാനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ വഴിയില്‍ വെച്ചാണ് യുവാവ് ലിഫ്റ്റ് ചോദിച്ചത്. മുല്ലാ റോഡ് പരിസരത്തെത്തിയപ്പോഴാണ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയത്. മഴയായതിനാല്‍ റോഡരികില്‍ ആരുമില്ലെന്നത് മനസ്സിലാക്കിയാണ് ഇയാള്‍ പണമപഹരിച്ചത്.
പൊന്നാനി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊന്നാനി എസ്.ഐ ബേബിച്ചന്‍ ജോര്‍ജിെന്‍റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊന്നാനി കോടതി റിമാന്‍റ്ഡ് ചെയ്തു.