തിരുവനന്തപുരം: കാമുകിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിതുര സ്വദേശിയുടെ ഭാര്യയുമായി സൗഹൃദത്തിലായിരുന്നു പ്രതിയായ ഉഴമലയ്ക്കല്‍ സ്വദേശി രാജേഷ്.
ഇരുവരും നിരന്തരം ഫോണിലൂടെ സംസാരിക്കുകയും വളരെ അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നു. വൈകാതെ രാജേഷ് കാമുകിയെ പണത്തിനായി ഭീഷണിപ്പെടുത്തി തുടങ്ങി. തുടര്‍ന്ന് വീട്ടില്‍ സ്വര്‍ണം ഇരിക്കുന്ന സ്ഥലം യുവതി രാജേഷിന് പറഞ്ഞു കൊടുത്തു. കഴിഞ്ഞ ശനിയാഴ്ച യുവതിയും ഭര്‍ത്താവും ചികിത്സാ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോയി.
അന്ന് വീടിന്റെ പിന്‍വാതില്‍ തുറന്നിട്ട ശേഷമാണ് യാത്ര തിരിച്ചത്. ഈ വാതിലിലൂടെയാണ് രാജേഷ് വീടിനു അകത്തു കയറി 25 പവന്‍ സ്വര്‍ണം അടിച്ചു മാറ്റിയത്. മോഷ്ടിച്ച സ്വര്‍ണം തൊളിക്കോട്, ആര്യനാട്, വിതുര എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പണയം വെയ്ക്കുകകയും തുടര്‍ന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതി കാര്‍ വാങ്ങുകയും ചെയ്തു.
സ്വര്‍ണം മോഷണം പോയതോടെ കുടുംബം വിതുര പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടില്‍ താമസിക്കുന്നവരെ ചോദ്യം ചെയ്തതിലൂടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഗൃഹനാഥ പ്രതിയുമായി അടുപ്പത്തിലായിരുന്നുവെന്നും ഇവരാണ് പ്രതിക്ക് മോഷണം നടത്താന്‍ സഹായം ഒരുക്കിയതെന്നും ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി.
സിഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണാഭരണങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.