പത്തനംതിട്ട : സ്ഥിരമായി ബിവറേജസ് ഷോപ്പിൽ നിന്നും ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി മറിച്ചുവിൽക്കുന്ന യുവാവ് പോലീസ് പിടിയിലായി. ശൂരനാട് പുലിക്കുളം അനിഭവനം വീട്ടിൽ അനിൽകുമാർ ജി ആണ് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്തപരിശോധനയിൽ ഇന്ന് പിടിയിലായത്. പന്തളം കുന്നിക്കുഴി ബിവറേജസിൽ നിന്ന് വാങ്ങിയതാണ് വിദേശമദ്യമെന്ന് ഇയാൾ സമ്മതിച്ചു. സ്ഥിരമായി ഇയാളിൽ നിന്നും മദ്യം വാങ്ങുന്നവരെപ്പറ്റി പോലീസിന് സൂചന ലഭിച്ചു.
‘യോദ്ധാവ് ‘ പരിപാടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. നിരന്തരമായി ബീവറേജസ് ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി കൂടുതൽ ലാഭത്തിന് വിൽക്കുന്നയാളുകൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു.
ജില്ലയിൽ ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡാൻസാഫ് സംഘത്തിൽ എസ് ഐ അജി സാമൂവലും സി പി ഓ അഖിലുമാണ് ഉണ്ടായിരുന്നത്. പന്തളം എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. എസ് സി പി ഓ വിജയകുമാർ, സി പി ഓ അൻവർഷാ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.