മാനന്തവാടി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് വടകര മാക്കൂൽപീടിക വടക്കയിൽ വീട്ടിൽ വി.കെ. മുഹമ്മദ് നസൽ (21) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കർണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാരും മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
9.506 ഗ്രാം എം.ഡി.എം.എ യുവാവിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് പ്രിവന്റിവ് ഓഫീസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനോദ്, എം.എം. ബിനു, കെ.യു. ജോബിഷ്, സനൂപ്, എ.സി. പ്രജീഷ്, എക്സൈസ് ഡ്രൈവർ രമേശ് ബാബു എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.