കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. 750 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി സിറാജിനെ ഡാൻസാഫും ടൌൺ പോലീസും ചേർന്നാണ് പിടികൂടിയത്. ഒന്നരക്കിലോയോളം എംഡിഎംഎയാണ് 50 ദിവസത്തിനിടെ ഡാൻസാഫ് നഗരപരിധിയിൽ പിടിച്ചെടുത്തത്. ഇന്ന് ഉച്ചയോടടുത്താണ് സംഭവം. നിസാമൂദ്ദീൻ – തിരുവനന്തപരും സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ കോഴിക്കോട് വന്നിറങ്ങിയതാണ് സിറാജ്. ഡാൻസാഫിന് രഹസ്യ വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപത്തെ ആനിഹാൾ റോഡിൽ കെണിയൊരുക്കി കാത്തിരുന്നു. സിറാജ് വന്നു കുടുങ്ങി. ബാഗ് പരിശോധിച്ചു. കണ്ടെത്തിയത് 750 ൽ അധികം ഗ്രാം എംഡിഎംഎയായിരുന്നു. ദില്ലിയിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ഗോവ വരെ വിമാനത്തിൽ വന്നു. അവിടുന്ന ട്രെയിൻ മാർഗമായിരുന്നു കോഴിക്കോട്ടേക്ക് എത്തിയത്.
എംഡിഎംഎ വിൽപ്പനയിലെ കണ്ണികളിൽ പ്രധാനിയാണ് സിറാജ്. എന്നാൽ എംഡിഎംഎ പതിവായി ഉപയോഗിക്കുന്ന ശീലമില്ല. മുമ്പും ലഹരിക്കടത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ജയിലിൽ പത്തുമാസം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പുറത്തിറങ്ങിയിട്ടും പക്ഷേ ഫീൽഡ് വിട്ടില്ല. ലഹരിക്കടത്തിൻ്റെ ഇടനാഴിയിൽ സിറാജ് തുടരുകയായിരുന്നു. ഡാൻസാഫും നഗരം പോലീസും ചേർന്നാണ് സിറാജിനെ പിടികൂടിയത്. 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പോലീസ് പിടികൂടിയത്.