തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ആളുമാറി ക്രൂരമർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് പത്ത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടാകുന്നത്. പൂജപ്പുര സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് വിട്ടയച്ചതിന് ശേഷം വിഷ്ണു പിന്നീട് ആത്മഹത്യ ചെയ്തു. തുടർന്നാണ് വിഷ്ണുവിന്റെ സുഹൃത്തുക്കളായ പത്തംഗ സംഘം പ്രതികാരം ചെയ്യാനിറങ്ങിയത്.
പെൺകുട്ടിയുടെ ബന്ധുവിനെ അന്വേഷിച്ചാണ് ഇവരെത്തിയത്. ശാന്തികവാടം ശ്മശാനത്തിന് സമീപത്ത് വെച്ച് ഇവർ പ്രവീണിനെ കണ്ടുമുട്ടി. പ്രവീണാണ് പെൺകുട്ടിയുടെ ബന്ധു എന്ന് തെറ്റിദ്ധരിച്ച് ഇവർ പ്രവീണിനെ തട്ടിക്കൊണ്ടുപോയി മരണവീട്ടിൽ വെച്ച് അതിക്രൂരമായി മർദിച്ചു. മർദനത്തിനൊടുവിലാണ് ഇയാളല്ല, തങ്ങൾ അന്വേഷിച്ചയാൾ എന്ന് തിരിച്ചറിഞ്ഞ് പ്രവീണിനെ വഴിയരികിൽ ഉപേക്ഷിച്ചു പോയി. സംഘം പിന്നീട് തമിഴ്നാട്ടിലേക്കാണ് കടന്നത്. ഇവരിൽ 7 പേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.