ചെന്നൈ: കൊവിഡ് ബാധിതനെന്ന പേരില്‍ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ കുമാര്‍ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തി കുമാറിനെ പരിശോധനയ്ക്കായി കൊണ്ടു പോകുന്ന വീഡിയോ അയല്‍വാസികളായ സുഹൃത്തുക്കള്‍ മൊബൈലില്‍ ചിത്രീകരിച്ചു. കുമാര്‍ കൊവിഡ് ബാധിതനെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എല്ലാവരും കുമാറിനെ അകറ്റി നിര്‍ത്തണം എന്നുവരെ പ്രചരണം ഉണ്ടായി.
ഇതിനിടെ കൊവിഡ് നെഗറ്റീവ് എന്ന കുമാറിന്റെ പരിശോധനാ ഫലം വന്നു. കൊവിഡ് ഇല്ലെന്ന് വ്യക്തമായെങ്കിലും കൊവിഡ് ബാധിതനെന്ന പേരില്‍ കുമാറിനെതിരെ വ്യാജ സന്ദേശങ്ങള്‍ പരന്നു. ഇതില്‍ മനംനൊന്ത് ഇന്ന് വീട്ടുവളപ്പില്‍ കുമാര്‍ തൂങ്ങി മരിക്കുകയായിരുന്നു. അയല്‍വാസികളായ നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം വീട്ടുകാര്‍ ഒറ്റപ്പെടുത്തിയതിന്‍റെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പുതുക്കോട്ടെ സ്വദേശി സുരേഷ് ഫാം ഹൗസില്‍ ജീവനൊടുക്കി. മാലിദ്വീപില്‍ നിന്ന് മടങ്ങിയെത്തിയ സുരേഷിനെ വീടിന് സമീപത്തുള്ള ഫാം ഹൗസിലാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. വീട്ടില്‍ വരണമെന്നും ഭാര്യയെയും കുട്ടികളെയും കാണണമെന്നും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ വിലക്കിയിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.