പത്തനംതിട്ട : പത്തനംതിട്ടയിലെ 15 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നീക്കി. ഇവര്‍ നേതൃത്വം നല്കിയ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമത്തിലാണ് തീരുമാനം. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നടപടി
സംഘടനപ്രവര്ത്തനത്തിലെ വീഴ്ചക്കുപുറമെ തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇവര്‍ സജീവമായിരുന്നില്ല. മണ്ഡലം കമ്മിറ്റികളോട് ഇതുസംബന്ധിച്ച വിശദീകരണം തേടിയിരുന്നു. ഈ കമ്മിറ്റികളുടെ പ്രസിഡന്റുമാരാരും ശനിയാഴ്ചത്തെ നേതൃസംഗമത്തിന് എത്തിയില്ല. ജില്ല പ്രസിഡന്റ് എം.ജി. കണ്ണന് മത്സരിച്ച അടൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവര്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭാരവാഹിത്വം നേടിയശേഷം പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസിലെ നടപടി.