കൊച്ചി: താഴേതട്ടില്‍ അപ്രത്യക്ഷമായ യൂത്ത് കോണ്‍ഗ്രസിനെ ശാഖാ തലത്തില്‍ പുനഃസംഘടിപ്പിക്കാനുള്ള കഠിന ശ്രമങ്ങളുമായി സംസ്ഥാന നേതൃത്വം. കാസർകോട്ടുനിന്ന് ആരംഭിച്ച യങ്ങ് ഇന്ത്യാ കാമ്പയിന്‍ ആറ് ജില്ലകളിലെ 61 നിയോജക മണ്ഡലം കമ്മിറ്റികളില്‍ സിറ്റിങ് പൂർത്തിയാക്കി. ഒരു ബൂത്തില്‍നിന്ന് ഒരു പ്രതിനിധിക്കാണ് സിറ്റിങ്ങിലേക്ക് ക്ഷണം. മലബാറിലെ 30 ശതമാനം ബൂത്തുകളില്‍നിന്ന് ഒരു പ്രവർത്തകന്‍ പോലും സിറ്റിങ്ങിലേക്ക് എത്തിയില്ല. ശക്തമായ ഗ്രൂപ്പിസം മൂലം മലപ്പുറം ജില്ലയില്‍ സംഘടനാ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെട്ടു. വോട്ടർപട്ടികയില്‍ പേര് ചേർക്കാന്‍ പോലും അറിയാത്തവരാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളിൽ പലരുമെന്ന സത്യവും യൂത്ത് കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞു.
കടലാസില്‍ മാത്രമുള്ള മണ്ഡലം പ്രസിഡന്റുമാരെ സിറ്റിങ്ങില്‍ വെച്ചു തന്നെ മാറ്റി പുതിയവരെ നിയമിക്കുകയാണ്. പ്രവർത്തകരുടെ സമ്പൂർണ ഡാറ്റയും സിറ്റിങ്ങില്‍ ശേഖരിക്കുന്നുണ്ട്. ശാഖാതലം മുതലുള്ള പ്രവർത്തനം സമ്പൂർണമായി ആപ് വഴി ഓഡിറ്റ് ചെയ്യാവുന്ന പുതിയ സംവിധാനവും പ്രവർത്തകരെ പഠിപ്പിക്കുന്നുണ്ട്. സാധാരണ കോണ്‍ഗ്രസ് യോഗങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് യങ്ങ് ഇന്ത്യാ കാമ്പയിന്‍ ക്രമീകരിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു സിറ്റിങ്ങാണ് നടക്കുന്നത്. മൂന്നു മണിക്കൂർ നീളുന്ന സിറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, സഹഭാരവാഹികളായ അബിന്‍ വർക്കി, ഒ.ജെ. ജനീഷ്, അനുതാജ്, ജോമോന്‍ ജോസ്, അബ്ദുറഷീദ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.