തൃശൂർ : തൃശൂർ അന്തിക്കാട് മന്ത്രി വി എസ് സുനിൽകുമാറിന്റെ വീടിന് മുമ്പിൽ അടുപ്പ് കൂട്ടി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസിന്റെ അടുക്കള മാത്രം പോലീസ് നിർത്തിയതിന് എതിരെയാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധം തടയാൻ എത്തിയ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പ്രതിധേഷക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സിപിഎമ്മിന്റെയും സിപിഐയുടേയും അടുക്കള പ്രവർത്തിപ്പിക്കാൻ പോലീസ് ഒത്താശ ചെയ്തെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. സമാന്തര സമൂഹ അടുക്കളകൾ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ച് സിപിഐ അന്തിക്കാട് അടുക്കള നടത്തുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ പരാതി. ഇതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിയുടെ വീടിന് മുമ്പിൽ നിന്ന് അടുപ്പും കലവും എടുത്തുമാറ്റി.