തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് കത്തയച്ചിരിക്കുന്നത്. പുനഃസംഘടന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ തുറന്ന കത്തെന്നതും പ്രധാനം. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റണമെന്നും പകരം വി ഡി സതീശനെ കൊണ്ടുവരണമെന്നുമാണു ഒരു വിഭാഗം ആളുകള്‍ ഉന്നയിക്കുന്നത്. വിഷയത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
അതേസമയം കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് സോണിയാ ഗാന്ധി വിശകലനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്‌ചാത്തലത്തില്‍ നേതൃത്വത്തിനെതിരേ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ പൂര്‍ണസമയ പ്രത്യക്ഷനേതൃത്വം വേണമെന്നു കഴിഞ്ഞ ഓഗസ്‌റ്റില്‍ സോണിയ ആവശ്യപ്പെടുകയും ചെയ്‌തു.