പത്തനംതിട്ട : മണ്ഡല പൂജയ്ക്കായി നടതുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലയ്ക്കൽ പമ്പാ റോഡ് കാട് മൂടിയ നിലയിൽ. കാലാകാലങ്ങളായി മണ്ഡലകാലത്തിനു മുൻപേ റോഡുകളും നടപ്പാതകളും വൃത്തിയാക്കുകയും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഈറയും കമ്പുകളും വെട്ടിമാറ്റി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അയ്യപ്പന്മാർക്ക് സുഖമായി യാത്ര ചെയ്യാനുള്ള സജ്ജീകരണങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇക്കൊല്ലം എല്ലാ കൊല്ലത്തെയും പോലുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടില്ല. അയ്യപ്പ അയ്യപ്പഭക്തന്മാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപകടകരമായ റോഡിലേക്ക് ചാഞ്ഞു കിടന്ന ഈറ്റയും കാടും വെട്ടി മാറ്റി അയ്യപ്പഭക്തന്മാർക്ക് വഴിയൊരുക്കി.
കോടികൾ വരുന്ന നടവരവിൽ മാത്രം കണ്ണുനീട്ടിരിക്കുന്ന ഭരണകൂടം ഈ സീസണിൽ നാമമാത്രമായ മുന്നൊരുക്കങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്. റോഡിന്റെ ഈ കാടുമുടിയ അവസ്ഥ അയ്യപ്പഭക്തന്മാരെ വലിയ അപകടത്തിലേക്ക് തള്ളി വിടാൻ സാധ്യത ഏറെയാണ്. അധികാരികൾ ഇത് മനസ്സിലാക്കി തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷമീർ തടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിന്റെ നേതൃത്വത്തിൽ സുമേഷ് ആങ്ങമുഴി, ജിബിൻപമ്പാവാലി, ബൈജു ആങ്ങമുഴി, അച്ചൻകുഞ്ഞ് തേനാലി, അനു, സെബിൻ, ജേക്കബ്, ടെനി മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.