കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ ന്യൂട്രിഷ്യന്‍ വ്യാപാരിയായ യുവാവ് ദാരുണമായി മരിച്ചു. കണ്ണൂര്‍ നഗരത്തിനു സമീപം തളാപ്പിലാണ് യുവാവിനെ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമ്പൂര്‍ കുറത്തിക്കുണ്ടില്‍ ഹൗസില്‍ കെ സുകുമാരന്റെ മകന്‍ കെ കെ സച്ചിന്‍(26) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെ 8.30 മണിയോടെ ഇതുവഴി പോവുകയായിരുന്ന യാത്രക്കാരാണ് യുവാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ എല്‍ ഐസി ഓഫീസിനു സമീപം കണ്ണന്‍ സ്മാരക മന്ദിരത്തിനു സമീപത്തെ ഫ്‌ളാറ്റില്‍ ന്യൂട്രീഷ്യന്‍ ഫുഡ് വിതരണ കമ്പനിയുടെ പാര്‍ട്ണറായി ജോലി ചെയ്തുവരികയായിരുന്നു.
രാത്രിയാണ് മരണപ്പെട്ടതെന്നാണ് പോലീസ് നിഗമനം. ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണതാണെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.